തൃശൂർ: സംസ്ഥാനത്തെ പുതിയ മദ്യനയത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് യുഡിഎഫ് ആണെന്ന് മന്ത്രി ഒ.ജെ. ജനീഷ്. ഇക്കാര്യം മുഖ്യമന്ത്രിതന്നെ നിയമസഭയിൽ വ്യക്തമാക്കിയതാണ്. മുന്നണിയിലെ വിശദമായ ആലോചനകൾക്കുശേഷം യുഡിഎഫ് ഇക്കാര്യത്തിൽ തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കും.
കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന തീരുമാനങ്ങളായിരുന്നു കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്തുണ്ടായിരുന്നത്. വെറും 29 ബാറുകൾ ഉണ്ടായിരുന്നതിൽനിന്ന് 884 ബാറുകളിലേക്കു വർധിപ്പിച്ചത് എൽഡിഎഫ് സർക്കാരാണ്.
ബക്കാർഡിക്കു നികുതി കുറയ്ക്കണമെന്ന ആദ്യ കത്തുപോലും നൽകിയത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എക്സൈസ് മന്ത്രി ആയിരുന്നപ്പോഴാണ്.
പുതിയ മദ്യനയം നിലവിൽ തീരുമാനിക്കപ്പെട്ടിട്ടില്ല. നികുതിയുമായി ബന്ധപ്പെട്ട ചില പ്രപ്പോസലുകൾ മാത്രമാണ് ഇപ്പോൾ വന്നിരിക്കുന്നത്. അതിൽ യുഡിഎഫിൽ വിശദമായ ചർച്ചകൾ ഉണ്ടാകുമെന്നും, അതിനുശേഷം മുഖ്യമന്ത്രിതന്നെ ഇക്കാര്യത്തിൽ അന്തിമപ്രഖ്യാപനം നടത്തുമെന്നും ഒ.ജെ. ജനീഷ് തൃശൂരിൽ മാധ്യമങ്ങളോടു വ്യക്തമാക്കി.